(www.panoornews.in)ഗൾഫിലുള്ള ഭർത്താവിന്റെ നാട്ടിലെ പരസ്ത്രീബന്ധത്തിൽ മനംനൊന്ത് ഭാര്യ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഒരുവർഷത്തിനുശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്തു. കേസിൽ വഴിത്തിരിവായത് മരണപ്പെട്ട യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് മകൾ കണ്ടെത്തിയ ശബ്ദസന്ദേശങ്ങൾ.



ഏരൂർ മയിലാടുംകുന്ന് ബംഗ്ലാംമുകളിൽവീട്ടിൽ സനു സോമനെ (36) യാണ് ഏരൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ അയിലറ രണ്ടേക്കർമുക്കിൽ അശ്വതി ഭവനിൽ അശ്വതിയുടെ (29) ആത്മഹത്യയുമായി ബന്ധപ്പെട്ട് രക്ഷാകർത്താക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
2014 ലാണ് സനു സോമനും അശ്വതിയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് ഏഴ് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. ഗൾഫിലുള്ള സനു സോമന് നാട്ടിൽ മറ്റൊരു സ്ത്രീയുമായുള്ള അടുപ്പമറിഞ്ഞ അശ്വതി വോയ്സ് മെസേജിലൂടെ സനുവിനോട് തന്നെ ഉപേക്ഷിക്കരുതെന്നും അത് തനിക്ക് സഹിക്കാനാവില്ലെന്നും മറ്റും കരഞ്ഞ് പറഞ്ഞിരുന്നു.
സനുവിന്റെ നിലപാടിൽ മാറ്റമില്ലെന്നറിഞ്ഞതോടെ ‘തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന്’ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷം അശ്വതി 2024 ഫെബ്രുവരി 16ന് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി അശ്വതിയുടെ രക്ഷാകർത്താക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ പൊലീസ് അന്ന് കേസെടുത്തിരുന്നില്ല.
എന്നാൽ, ഏതാനും ദിവസം മുമ്പ് അശ്വതിയുടെ മകൾ അമ്മയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ വിഡിയോ കാളുകളും വോയ്സ് മെസേജുകളും അശ്വതിയുടെ മാതാപിതാക്കളെയും മറ്റും കാണിച്ചു. ഇവയുമായി രക്ഷാകർത്താക്കൾ വീണ്ടും പൊലീസിനെ സമീപിച്ചതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തവെയാണ് സനുവിനെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യാപ്രേരണക്കും മാനസികപീഡനത്തിനും കേസെടുത്തശേഷം പ്രതിയെ അന്വേഷണോദ്യോഗസ്ഥനായ പുനലൂർ ഡിവൈ.എസ്.പിക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Woman's death: Husband arrested a year later
